Kerala
കൊല്ലം: ശബരിമല സ്ത്രീപ്രവേശനം വീണ്ടും ചർച്ചയായതിൽ സന്തോഷമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. സ്ത്രീപ്രവേശനത്തിനുവേണ്ട ക്രമീകരണങ്ങളൊരുക്കാൻ ഉന്നത പോലീസുദ്യോഗസ്ഥർക്ക് നിർദേശം നൽകിയത് മുഖ്യമന്ത്രിയാണ്.
പൊറോട്ട, ബീഫ് ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിന്ദു അമ്മിണിയും കനക ദുർഗയും പോലീസിന്റെ സമ്പൂർണ സംരക്ഷണയിലാണ് എത്തിയത്.
കോട്ടയം പോലീസ് ക്ലബിൽ വെച്ച് പൊറോട്ടയും ബീഫും ഇവർക്ക് വാങ്ങി നൽകിയെന്ന് ആദ്യം പറഞ്ഞത് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണാണ്. തുടർന്ന് കോൺഗ്രസ് നേതാക്കളും ഇതേവിഷയം ആവർത്തിച്ചു.
പക്ഷേ താൻ പറഞ്ഞപ്പോൾ മാത്രം വലിയ സൈബർ ആക്രമണം നേരിടേണ്ടിവരുന്നു. പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുകയാണെന്നും എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു.
Kerala
കോഴിക്കോട്: കടകംപള്ളി സുരേന്ദ്രന് നാലുതവണ കടകംമറിഞ്ഞാലും മുഖ്യമന്ത്രി പിണറായി വിജയൻ അറിയാതെ ശബരിമലയിലെ സ്വര്‍ണത്തട്ടിപ്പ് നടക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്.
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു അന്വേഷണത്തോടും ബിജെപി യോജിക്കുന്നില്ല. അതുകൊണ്ട് ഒരു കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വരണമെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു.
അതേസമയം ശബരിമലയിൽ 2019ൽ ക്രമക്കേട് നടന്നു എന്നത് വാസ്തവമാണെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു. കുറ്റവാളികൾക്ക് കനത്ത ശിക്ഷ തന്നെ ലഭിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി വേദി പങ്കിട്ടത് നിഷേധിക്കുന്നില്ലെന്നും പോറ്റി മോശക്കാരനാണെന്ന് അന്ന് അറിയില്ലായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
Kerala
പത്തനംതിട്ട: ശബരിമലയിലെ സ്വർണപ്പാളി കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി ജസ്റ്റീസ് കെ.ടി.ശങ്കരൻ വീണ്ടും സന്നിധാനത്തെത്തും. നട തുറന്നശേഷം സന്നിധാനത്തെ സ്ട്രോംഗ് റൂം വീണ്ടും പരിശോധിക്കാനാണ് നീക്കം.
രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കൂടിമാനിച്ചായിരിക്കും പരിശോധനകൾ. ആദ്യഘട്ട അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി അദ്ദേഹം ശബരിമലയിൽ പരിശോധന നടത്തിയിരുന്നു.
ചെന്നൈയിൽ നിന്ന് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കൊണ്ടുവന്ന ദ്വാരപാലക ശിൽപ്പങ്ങളുടെ പാളികൾ ഉൾപ്പടെ അദ്ദേഹം പരിശോധിക്കുകയും ചെയ്തിരുന്നു. ആറന്മുളയിലെ പ്രധാന സ്ട്രോംഗ് റൂം തുറന്നുള്ള പരിശോധന പിന്നീട് നടത്തും.
അതേസമയം പ്രാഥമിക പരിശോധന പൂർത്തിയാക്കിയ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് സൂചനയുണ്ട്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
Kerala
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന് ചെലവായി എന്നു പറയുന്ന എട്ടുകോടി രൂപ കമ്മിഷന് കൂടി ചേര്‍ത്ത തുകയാണെന്നും ചെലവിന്റെ വിശദാംശങ്ങള്‍ അടിയന്തരമായി പുറത്തുവിടണമെന്നും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
നടത്തിയ ഒറ്റ ദിവസത്തെ ഒരു പരിപാടിക്ക് എട്ടുകോടി രൂപ ചെലവായതിന്റെ ലോജിക്ക് പിടികിട്ടുന്നില്ല. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടണം. ഇത്ര ഭീമമായ തുക ഒറ്റദിവസംകൊണ്ട് ചെലവഴിക്കാൻ ഇത് വെള്ളരിക്ക പട്ടണമാണോ? ഏതൊക്കെ ഇനത്തിലാണ് ഈ പറയുന്ന എ്ട്ടു കോടി ചിലവായത് എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇതില്‍ ഭൂരിപക്ഷവും വേണ്ടപ്പെട്ടവര്‍ക്കുള്ള കമ്മീഷനാണ്. ഇത് അടിമുടി കമ്മീഷന് സര്‍ക്കാരാണെന്നും ചെന്നിത്തല ആരോപിച്ചു.
അയ്യപ്പസംഗമത്തിന്റെ ചെലവ് സ്പോണ്സര്മാരില് നിന്നു കണ്ടെത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ സ്പോണ്സര്മാരില് നിന്ന് എത്ര തുക കിട്ടി എന്നും ഏതൊക്കെ സ്പോണ്‍സര്‍മാരാണ് പണം നല്‍കിയതെന്നും വ്യക്തമാക്കണം. ഇതുവരെ നാലു കോടിയോളം രൂപ പദ്ധതിനടത്തിപ്പിന്റെ ബില്‍ ഇനത്തില്‍ മാറിയതായി മനസിലാക്കാന്‍ കഴിഞ്ഞു.
ഇതെല്ലാം പോയിരിക്കുന്നത് ദേവസ്വം ബോര്‍ഡിന്റെ വര്‍ക്കിങ് ഫണ്ടില്‍ നിന്നാണ്. സ്പോണ്‍സര്‍മാര്‍ തുക നല്കുന്നുണ്ടെങ്കില് പിന്നെ എന്തിനാണ് ദേവസ്വം ബോര്‍ഡിന്റെ ഫണ്ടില്‍ നിന്ന് ഈ തുക ചിലവാക്കിയിരിക്കുന്നത്. ആരാണ് ഈ പൊളിഞ്ഞുപോയ പരിപാടിക്ക് എട്ടു കോടി നല്കുന്ന സ്പോണ്‍സര്‍മാര്‍?
കോട്ടയത്തെയും കുമരകത്തെയും നക്ഷത്രഹോട്ടലുകള്‍ക്ക് ദേവസ്വം ബോര്‍ഡ് ഫണ്ടില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ അഡ്വാന്‍സ് നല്‍കിയത് മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നിരുന്നു. ആരൊക്കെയാണ് ഈ നക്ഷത്രഹോട്ടലുകളില്‍ താമസിച്ച വിവിഐപി അതിഥികള്‍? അവരുടെ പേരുവിവരങ്ങളും പുറത്തു വിടണം.
വിദേശത്തു നിന്നും വന്‍തോതില്‍ പ്രതിനിധികള്‍ എത്തുമെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ അവിടെ നിന്നും കാര്യമായി ആരും എത്തിയില്ല. നാലായാരം അതിഥികള്‍ക്കുണ്ടാക്കിയ ഭക്ഷണം വെട്ടിമൂടേണ്ടി വന്നു.
കാര്യമായി ആരും പങ്കെടുക്കാതെ ഒഴിഞ്ഞ കസേരയ്ക്കു മുന്നില്‍ നടത്തിയ ഈ ഒറ്റ ദിവസത്തെ പരിപാടിക്ക് എങ്ങനെയാണ് എട്ടുകോടി രൂപയുടെ ചിലവ് വന്നതെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയേ പറ്റു. ഇതില്‍ കമ്മിഷന് പറ്റിയവരുടെ വിശദാംശങ്ങള്‍ പുറത്തു വിടണം.
ദേവസ്വം ബോര്‍ഡ് കറവപ്പശുവല്ല. വിശ്വാസികളുടെ കാണിക്കയാണ് ദേവസ്വം ബോര്‍ഡിന്റെ വരുമാനം. അതിന്റെ എല്ലാ ഫണ്ടിലും കയ്യിട്ടു വാരാന്‍ കേരളത്തിലെ വിശ്വാസി സമൂഹം അനുവദിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഗവർണറെ കണ്ട് ബിജെപി നേതാക്കൾ. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
കുമ്മനം രാജശേഖരൻ, വി.മുരളീധരൻ, പി.കെ.കൃഷ്ണദാസ് തുടങ്ങിയ ബിജെപി നേതാക്കളാണ് സംഘത്തിലുണ്ടായിരുന്നത്. 30 വർഷത്തെ ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. ക്രിമിനൽ ഗൂഢാലോചന കേന്ദ്ര ഏജൻസി അന്വേഷിക്കണം.
ശബരിമല വിഷയത്തെ സംബന്ധിച്ച് ഗവർണറെ ബോധ്യപ്പെടുത്തി. വീഴ്ച്ചയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് വീഴ്ചയല്ല കൊള്ളയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുറ്റപ്പെടുത്തി. വിശ്വാസത്തെ ബാധിക്കുന്ന പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ദേവസ്വം ബോർഡിന്റെ 1998 മുതലുള്ള എല്ലാ തീരുമാനങ്ങളും അന്വേഷിക്കട്ടെ. പ്രതി പട്ടികയിലുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും.
വിരമിച്ചവർക്കെതിരെ അന്തിമ റിപ്പോർട്ടിനു ശേഷമായിരിക്കും നടപടി. കുറ്റക്കാരെന്നു കണ്ടെത്തിയാൽ പെൻഷൻ അടക്കം തടയും. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളി കൊടുത്തു വിടാമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. താൻ അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാൽ രാജിവയ്ക്കാം.
സ്മാർട്ട് ക്രിയേഷൻസിനു നൽകിയ സ്വർണം അടക്കം പിടിച്ചെടുക്കണമെന്നും പ്രശാന്ത് പറഞ്ഞു. പാളിക്ക് തൂക്കക്കുറവുണ്ടെന്ന വിജിലൻസ് റിപ്പോർട്ടും അദ്ദേഹം തള്ളി. ഇൗ പ്രാവശ്യം സ്വര്‍ണപ്പാളി കൊണ്ടുപോയതിന്റെ ഉത്തരവാദിത്വം ബോര്‍ഡിനാണ്.
ബോര്‍ഡ് കൃത്യമായി ആലോചിച്ചും മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് കൊടുത്തുവിട്ടത്. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാത്തരം ആശങ്കകൾക്കും ദുരൂഹതകൾക്കും ഒരന്ത്യം വേണം. ബോർഡ് അത്തരമൊരു നിലപാട് സ്വീകരിച്ചതിനാലാണ് ഈ കാര്യങ്ങളെല്ലാം പുറത്തുവന്നത്.
നഷ്ടപ്പെട്ട സ്വർണമെല്ലാം പിടിച്ചെടുക്കണം. ഭഗവാന്റെ ഒരുതരി പൊന്നുപോലും കട്ടുകൊണ്ടുപോകാൻ ഈ സർക്കാരോ ദേവസ്വം മന്ത്രിയോ ബോർഡോ കൂട്ടുനിന്നിട്ടില്ല. വിജിലൻസ് റിപ്പോർട്ട് പുറത്തുവരുന്നതുവരെ ക്ഷമിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
Kerala
പത്തനംതിട്ട: ശബരിമലയിൽ ഏറ്റവും കൂടുതൽ കൊള്ള നടന്നത് ഉമ്മൻ ചാണ്ടിയുടെ കാലത്തെന്ന് മന്ത്രി സജി ചെയാൻ.
ശബരിമല വിഷയത്തിൽ ഇന്ന് യുഡിഎഫിന് നൊമ്പരവും കണ്ണുനീരുമാണ്. ശബരിമല പ്രതിഷേധങ്ങൾ എന്തിനെന്നു പോലും പ്രതിപക്ഷത്തിനറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലേക്കുള്ള റോഡുകൾ നശിച്ചത് യുഡിഎഫ് കാലത്താണ്. മികച്ച കുണ്ടും കുഴിയും അന്ന് കാണാമായിരുന്നു. റോഡിലൂടെ പോകുന്നവൻ തിരിച്ച് നട്ടെല്ലില്ലാതെ വരുന്ന കാലമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തില്‍ കോൺഗ്രസ് പ്രതിഷേധം കടുപ്പിക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നാല് മേഖലാജാഥകൾ നടത്തും.
പന്തളത്ത് ജാഥകൾ സംഘമിച്ച് മഹാസമ്മേളനവും സംഘടിപ്പിക്കും. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനം. സ്വര്‍ണപ്പാളി വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് പ്രതിരോധം ശക്തമാക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം.
വിവാദത്തിൽ എഡിജിപി എച്ച്.വെങ്കിടേശിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ ഹൈക്കോടതി നിയോഗിച്ചിട്ടുണ്ട്. ദേവസ്വം വിജിലൻസിന്റെ ഇടക്കാല റിപ്പോർട്ടിലെ കണ്ടെത്തലിനെ തുടർന്നാണ് വിശദമായ അന്വേഷണത്തിന് ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്.
സംഭവത്തിൽ ഉദ്യോഗസ്ഥ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്നതടക്കം അന്വേഷണപരിധിയിൽ വരുമെന്നും കോടതി വ്യക്തമാക്കി.
Kerala
കൊച്ചി: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് ഇ.പി.ജയരാജൻ. വിശ്വാസത്തെയോ ആചാരത്തെയോ തകർക്കാൻ സർക്കാർ കൂട്ടുനില്‍ക്കില്ല. സത്യം കണ്ടെത്തി കുറ്റവാളികളെ ശിക്ഷിക്കും.
ഇതാണ് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നിലപാടെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പ സംഗമം സർക്കാരിന് സൽപ്പേരുണ്ടാക്കി. വിവാദങ്ങൾ അയ്യപ്പ സംഗമത്തിന് ശേഷം ഉയർന്നുവന്നതാണ്.
അന്വേഷണത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു. അതേസമയം സ്വർണപ്പാളി വിവാദത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയാണ്.
Kerala
തിരുവനന്തപുരം: ദ്വാരപാലക പീഠവിവാദത്തിൽ വീണ്ടും പ്രതികരണവുമായി ദേവസ്വംമന്ത്രി വി.എൻ. വാസവൻ. കേസിൽ സമഗ്രമായ അന്വേഷണം നടക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുടേത് ആസൂത്രിതമായ ഗൂഢനീക്കമാണെന്നും മന്ത്രി ആരോപിച്ചു. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഇടപെടലിൽ ദുരൂഹതയുണ്ട്. കൃത്യമായ വിവരം വെളിയിൽ വരുമെന്നും ഇത് കോടതിയെ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ എത്തിച്ച് ആചാരലംഘനം നടത്തിയത് പിണറായി സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്.
വിശ്വാസ സംരക്ഷണമാണ് കോണ്‍ഗ്രസിന്റെ നിലപാട്. അതില്‍ ഉറച്ച് മുന്നോട്ട് പോകും. എന്‍എസ്എസിന്റെ നിലപാടിനെ ചോദ്യം ചെയ്യില്ല. സമുദായ സംഘടനകള്‍ക്ക് അഭിപ്രായങ്ങള്‍ പറയാമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള അയ്യപ്പസംഗമം പരാജയമായിരുന്നു. ബദല്‍ സംഗമം നടത്താന്‍ വഴിവച്ചത് സര്‍ക്കാരിന്റെ ചെയ്തികളാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ശബരിമലയില്‍ എന്‍എസ്എസ് എടുത്ത നിലപാടിനോട് യോജിപ്പാണെന്ന് എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിലെ സര്‍ക്കാര്‍ നിലപാട് മാറ്റം എന്‍എസ്എസിന് ബോധ്യപ്പെട്ടു. എന്‍എസ്എസ് ഇനി സര്‍ക്കാരിനെ എതിര്‍ക്കേണ്ട കാര്യമില്ല. ഇത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എന്‍എസ്എസ് നിലപാട് സമദൂരം ആണോ ശരിദൂരം ആണോ എന്നറിയില്ല. വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങളില്‍ പിന്തുണ നൽകുന്നത്. ശബരിമല വിഷയത്തില്‍ ആചാരങ്ങൾ സംരക്ഷിക്കണമെന്നും സ്ത്രീ പ്രവേശനം പാടില്ലെന്നുമുള്ള നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചത്. അത് തന്നെയാണ് തങ്ങളുടേയും നിലപാട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസിന് നിലപാടില്ലെന്ന് പറഞ്ഞത് ശരിയാണ്. ആചാരകാര്യങ്ങളിലാണ് എന്‍എസ്എസ് സര്‍ക്കാരിനെ എതിർത്തത്. സുകുമാരൻ നായർ പറഞ്ഞത് ശരിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എൽഡിഎഫ് സർക്കാരിനെ പൂർണമായും വിശ്വസിക്കുന്നുവെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നേരത്തെ വ്യക്തമാക്കിയത്. വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാർഹമാണ്. സര്‍ക്കാരിന് മാത്രമാണ് ശബരിമല വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുകയെന്നും ആഗോള അയ്യപ്പ സംഗമം നടന്നത് വിശ്വാസികള്‍ക്ക് വേണ്ടിയാണെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേർത്തു.
സർക്കാരിന് വേണമെങ്കിൽ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാം, അത് ചെയ്തില്ലല്ലോ എന്ന് അദ്ദേഹം ചോദിച്ചു. സ്ത്രീ പ്രവേശനം മാത്രമല്ല, പല ആചാരങ്ങളും നിലനിര്‍ത്തി പോകണം, അതാണ് എന്‍എസ്എസിന്റെ ആവശ്യമെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
വിശ്വാസപ്രശ്നത്തിൽ കോൺഗ്രസിന്റേത് കള്ളക്കളിയാണ്. കോണ്‍ഗ്രസിന് ഉറച്ച നിലപാടില്ല ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുന്നില്ല. ബിജെപിയാകട്ടെ ഒന്നും ചെയ്യുന്നില്ല കേന്ദ്ര സർക്കാർ വിശ്വാസികൾക്കായി ഒന്നും ചെയ്തില്ല. നിയമം കൊണ്ട് വരുമെന്ന ഉറപ്പ് പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Kerala
കോട്ടയം: എൽഡിഎഫ് സർക്കാരിനെ പൂർണമായും വിശ്വസിക്കുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാർഹമാണ്. സര്‍ക്കാരിന് മാത്രമാണ് ശബരിമല വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുകയെന്നും ആഗോള അയ്യപ്പ സംഗമം നടന്നത് വിശ്വാസികള്‍ക്ക് വേണ്ടിയാണെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേർത്തു.
സർക്കാരിന് വേണമെങ്കിൽ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാം, അത് ചെയ്തില്ലല്ലോ എന്ന് അദ്ദേഹം ചോദിച്ചു. സ്ത്രീ പ്രവേശനം മാത്രമല്ല, പല ആചാരങ്ങളും നിലനിര്‍ത്തി പോകണം, അതാണ് എന്‍എസ്എസിന്റെ ആവശ്യമെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
വിശ്വാസപ്രശ്നത്തിൽ കോൺഗ്രസിന്റേത് കള്ളക്കളിയാണ്. കോണ്‍ഗ്രസിന് ഉറച്ച നിലപാടില്ല ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുന്നില്ല. ബിജെപിയാകട്ടെ ഒന്നും ചെയ്യുന്നില്ല കേന്ദ്ര സർക്കാർ വിശ്വാസികൾക്കായി ഒന്നും ചെയ്തില്ല. നിയമം കൊണ്ട് വരുമെന്ന ഉറപ്പ് പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബദല്‍ അയ്യപ്പ സംഗമത്തില്‍ പ്രതിനിധിയെ അയക്കാത്തതിനെ കുറിച്ചും സുകുമാരന്‍ നായര്‍ പ്രതികരിച്ചു. എത്രപേര്‍ പങ്കെടുത്തു എന്നതിലല്ല കാര്യം.ഒരു അയ്യപ്പ സംഗമം നടന്നത് പമ്പയില്‍ വച്ചും മറ്റൊന്ന് പന്തളത്ത് വച്ചുമാണ്. ആ വ്യത്യാസം രണ്ട് സംഗമങ്ങള്ക്കുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ ആചാര ലംഘനത്തിന് നേതൃത്വം നല്കിയ പിണറായി വിജയന്റെ കര്‍മ്മികത്വത്തില്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ ദുഷ്ടലാക്കോടെ സംഘടിപ്പിച്ച അയ്യപ്പ സംഗമം പ്രഹസനമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
അയ്യപ്പ സംഗമത്തില്‍ തത്വമസിയെയും ഭഗവദ്ഗീതയെയും കുറിച്ച് പറഞ്ഞ പിണറായി വിജയന് നേരത്തെ ആചാരാനുഷ്ഠാനങ്ങളെയും വിശ്വാസത്തെയും അവഹേളിച്ചത് വിശ്വാസ സമൂഹം മറക്കില്ല. ശബരിമലയിലെ വിശ്വാസങ്ങളെ തകര്‍ക്കാനും ഭക്തരെ അപമാനിക്കാനും ശ്രമിച്ച പിണറായി വിജയനും എല്‍ഡിഎഫ് സര്‍ക്കാരും അതേ ശബരിമലയെയും അയ്യപ്പനെയും രാഷ്ട്രീയ പ്രചരണത്തിന് വേണ്ടി ദുരുപയോഗം ചെയ്തതിനുള്ള തിരിച്ചടി കേരളത്തിലെ ജനങ്ങള്‍ നല്‍കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
ഒഴിഞ്ഞ കസേരകള്‍ എഐ നിര്മിതിയെന്നു പറഞ്ഞ് ജനങ്ങളുടെ പൊതുബോധ്യത്തെ ചോദ്യം ചെയ്ത സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് സ്വയം അപഹാസ്യനാകരുതെന്നും സതീശൻ പറഞ്ഞു. സംഗമം ആഗോള വിജയമെന്നും ലോകപ്രശസ്തമായ വിജയമെന്നു പറഞ്ഞതിലൂടെ എം.വി ഗോവിന്ദന് പിണറായി വിജയനെ പരിഹസിച്ചതാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
അയ്യപ്പ ഭക്തരെയും വിശ്വാസികളെയും കബളിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പൊളിഞ്ഞെന്നു വ്യക്തമാക്കുന്നതാണ് സംഗമ വേദിയിലെ ഒഴിഞ്ഞ കസേരകള്‍. സര്‍ക്കാര്‍ അവകാശപ്പെട്ടതിന്റെ നാലിലൊന്നു പേര് പോലും സംഗമത്തിനെത്തിയില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നടത്തിയ രാഷ്ട്രീയ നാടകം ബോധ്യപ്പെട്ടതു കൊണ്ടാണ് അയ്യപ്പ ഭക്തര്‍ സംഗമത്തോട് മുഖം തിരിച്ചത്. ദേവസ്വം ബോര്‍ഡ് ജീവനക്കാരും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്റ്റാഫ് അംഗങ്ങളും ഉദ്യോസ്ഥരുമാണ് സദസിലുണ്ടായിരുന്നതില് ഭൂരിഭാഗവും.
യോഗി ആദിത്യനാഥിന്റെ ആശംസ അഭിമാനത്തോടെ വായിച്ചതിലൂടെ സര്‍ക്കാര്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും വി.ഡി. സതീശൻ പ്രസ്താവനയിൽ ചോദിച്ചു.
Kerala
നിലമ്പുർ: ആഗോള അയ്യപ്പ സംഗമം നാടകമാണെന്ന് പി.വി. അന്‍വര്‍. അയ്യപ്പനുമായി ഒരു ആത്മാർഥതയും ഇല്ലാത്ത ആളുകളുടെ സംഗമമാണ് നടക്കുന്നതെന്നും അന്‍വര്‍ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും വിഷയത്തിലെ നിലപാട് മൂന്നുവര്‍ഷം മുന്‍പ് നമ്മള് കണ്ടതാണ്. സ്ത്രീസാന്നിധ്യം ശബരിമലയില്‍ ഉറപ്പാക്കാന്‍ വലിയ ശ്രമമാണ് അന്ന് സര്‍ക്കാര്‍ നടത്തിയതെന്നും അന്‍വര്‍ പറഞ്ഞു.
മുഖ്യമന്ത്രിയും സര്‍ക്കാരും മോശം കാര്യമാണ് ചെയ്തത്. താന്‍ ഒരു വര്‍ഗീയവാദി ആണെന്ന് നെറ്റിപ്പട്ടം കെട്ടിയ ആളെ മുഖ്യമന്ത്രി കാറില്‍ കയറ്റിയാണ് അവിടേക്ക് എത്തിച്ചത്. മോദിയെക്കാള്‍ വര്‍ഗീയത തുപ്പുന്ന യോഗിയെ കൊണ്ടുവരാന്‍ എന്തിനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും അൻവർ ചോദിച്ചു.
പോലീസ് വിഷയങ്ങള്‍ മൂടിവയ്ക്കാനാണ് ഇപ്പോഴത്തെ ശ്രമം. വര്‍ഗീയമായി വിഭജിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഈ വര്‍ഗീയത ഏല്‍ക്കില്ലെന്ന് സംഗമം തെളിയിച്ചു. മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അണിനിരത്തിയിട്ടും പരിപാടി പരാജയപ്പെട്ടു. അവിടുത്തെ രണ്ട് പഞ്ചായത്തിലെ സഖാക്കള്‍ വന്നാല്‍ പോലും സദസ് നിറഞ്ഞേനെ. മുഖ്യമന്ത്രിയുടെ പരിപാടികള്‍ക്ക് ഇപ്പോള്‍ ആളില്ലാത്ത അവസ്ഥയാണെന്നും അന്‍വര്‍ പറഞ്ഞു.
അയ്യപ്പസംഗമത്തിലെ ആളില്ലാ കസേരകളുടെ ദൃശ്യങ്ങൾ എഐ ആകാമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാക്കുകളെ അൻവർ പരിഹസിച്ചു. നാളെ വെളളാപ്പളളി മുഖ്യമന്ത്രിയുടെ കാറില്‍ സഞ്ചരിച്ചത് എഐ ആണെന്ന് എം.വി. ഗോവിന്ദന് പറഞ്ഞാലും അത്ഭുതപ്പെടാനില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
Kerala
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിൽ 4,126 പേർ ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുത്തുവെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. 182 വിദേശപ്രതിനിധികളും സംഗമത്തിൽ പങ്കെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഒഴിഞ്ഞ കസേരകളുടെ ദൃശ്യം എടുത്തത് പരിപാടിക്ക് മുൻപാണെന്നും മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷം പോയത് സെഷനിൽ പങ്കെടുത്തവരാണെന്നും മന്ത്രി വ്യക്തമാക്കി.
ആഗോള അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചിരുന്നു. നാലായിരത്തിലേറെപ്പേർ സംഗമത്തിൽ പങ്കെടുത്തു. പരിപാടി പരാജയമെന്നത് മാധ്യമപ്രചാരണമാണെന്നും നാണവും മാനവുമില്ലാതെ കള്ളം പ്രചരിപ്പിച്ചുവെന്നും ഗോവിന്ദൻ ആരോപിച്ചു.
അതേസമയം, പരിപാടിയിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, വേണമെങ്കിൽ എഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ എന്നായിരുന്നു ഗോവിന്ദൻ നൽകിയ വിശദീകരണം. എല്ലാ സെഷനിലും ആൾ വേണമെന്നാണോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ക്ഷണിച്ചു. എന്നാല്‍ സഹകരണം ഉണ്ടായില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്.
പലരും പങ്കെടുക്കാത്തതിന് കാരണങ്ങളുണ്ടായേക്കാം. ശബരിമലയിലെ അടിസ്ഥാന വികസനത്തിനാണ് ദേവസ്വം ബോര്‍ഡ് ലക്ഷ്യമിടുന്നത്. രാഷ്ട്രീയ ലക്ഷ്യമില്ല. എല്ലാ സര്‍ക്കാരുകളും ഇതിനോട് സഹകരിക്കണമെന്നും പ്രശാന്ത് വ്യക്തമാക്കി.
അയ്യപ്പസംഗമം നടക്കുമ്പോള്‍ ഭക്തര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Kerala
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് ഏഴുകോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ. ഫണ്ട് സ്പോൺസർഷിപ്പ് വഴിയാണെന്നും ദേവസ്വം ബോർഡിനോ സർക്കാരിനോ ബാധ്യത വരില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അയ്യപ്പസംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. പ്രധാന പന്തൽ പണി പൂർത്തിയായി. താമസ സൗകര്യം, യാത്രാസൗകര്യം ഉൾപ്പടെ ക്രമീകരിച്ചിട്ടുണ്ട്. 3,500 പേർ പരമാവധി പങ്കെടുക്കും. അയ്യായിരത്തിലധികം രജിസ്ട്രേഷൻ വന്നിരുന്നു. അതിൽ മുമ്പ് വന്നിട്ടുള്ള ആളുകൾ, സംഘടനകൾ എന്നിങ്ങനെ മുൻഗണന വച്ചാണ് തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
മാസ്റ്റർ പ്ലാൻ അടക്കം സംഗമത്തിൽ അവതരിപ്പിക്കും. അതിലും സ്പോൺസർമാരെ ഉൾപ്പടെ പ്രതീക്ഷിക്കുന്നുണ്ട്. എൻഎസ്എസ് വൈസ് പ്രസിഡന്റ്, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി ഉൾപ്പടെ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുക്കും. കേന്ദ്ര സർക്കാർ പ്രതിനിധികളെ ക്ഷണിച്ചിരുന്നുവെങ്കിലും വരുന്ന കാര്യത്തിൽ മറുപടി നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Kerala
പത്തനംതിട്ട: വിവാദങ്ങള്‍ക്കിടെ ശബരിമല ദര്‍ശനം നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പുലര്‍ച്ചെ അഞ്ചിന് നട തുറന്നപ്പോള്‍ ദര്‍ശനം നടത്തുകയായിരുന്നു. രാത്രി 10 മണിയോടെ പമ്പയില്‍ എത്തിയ രാഹുൽ അവിടെനിന്ന് കെട്ട് നിറച്ചാണ് മല ചവിട്ടിയത്.
കഴിഞ്ഞ ദിവസം ആരംഭിച്ച നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ എത്തിയിരുന്നില്ല. മണ്ഡലത്തില്‍ സജീവമാകുമെന്നായിരുന്നു വിവരം. അതിന് മുന്നോടിയായാണ് ശബരിമല ദര്‍ശനം.
Kerala
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലോകമെമ്പാടുമുള്ള അയ്യപ്പഭക്തര്‍ക്കായി പമ്പയില്‍ സെപ്റ്റംബര്‍ 20ന് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ 3000 പ്രതിനിധികള്‍ പങ്കെടുക്കും.
15 വരെ ആയിരുന്നു ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിന് ഭക്തര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം. രജിസ്ട്രേഷന് പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമായി 4864 ഭക്തരാണ് ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തത്.
ഇതില്‍നിന്ന് ആദ്യം രജിസ്റ്റര്‍ ചെയ്ത 3000 പേരെയാണ് ആഗോള സംഗമത്തിലെ പ്രതിനിധികളായി തെരഞ്ഞെടുത്തത്. ഈ പ്രതിനിധികള്‍ക്ക് പുറമേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷണിച്ച സാമൂഹിക-സാംസ്കാരിക-സാമുദായിക സംഘടനകളിലെ അഞ്ഞൂറോളം പ്രതിനിധികളും ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കും. ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമാണ് ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകുള്ളു.